തുറവുർ: പള്ളിത്തോട് പൊഴിച്ചാലിൽ മാലിന്യം നിറഞ്ഞതോടെ ഉൾനാടൻ മത്സ്യമേഖല പ്രതിസന്ധിയിൽ. ചെമ്മീൻ പീലിംഗ് ഷെഡുകളിൽനിന്ന് പുറന്തള്ളുന്ന മാലിന്യങ്ങളും പ്ലാസ്റ്റിക്കുമാണ് പൊഴിച്ചാലിനെ മലീമസമാക്കിയിരിക്കുന്നത്. നിലവിൽ പൊഴിച്ചാലിലെ വെള്ളത്തിന് കറുത്ത കളറാണ്. പട്ടണക്കാട്, തുറവൂർ, കുത്തിയതോട് പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന പീലിംഗ് ഷെഡുകളിലെ മാലിന്യമാണ് പൊഴിച്ചാലിലെത്തുന്നത്.
അന്ധകാരനഴി, തെക്കേ സ്പിൽവേക്ക് തെക്കുഭാഗത്തായി നിരവധി പീലിംഗ് ഷെഡുകളാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിലെ മുഴുവൻ മാലിന്യങ്ങളും ഒരു നിയന്ത്രണവും ഇല്ലാതെ പൊഴിച്ചാലിലേക്ക് തള്ളുകയാണ്.
ട്രീറ്റ്മെന്റ് പ്ലാന്റില്ലാത്തതും, നിയമങ്ങൾ പാലിക്കാത്തതുമായ പീലിംഗ് ഷെഡുകൾ അടച്ചുപൂട്ടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇവിടങ്ങളിൽനിന്ന് പുറന്തള്ളുന്ന മാലിന്യങ്ങൾ മൂലം പൊഴിച്ചാലിലെയും തോടുകളിലെയും മത്സ്യങ്ങൾ ചത്തുപൊങ്ങുകയാണ്. ഇതു മൂലം ചീനവലകളും മറ്റും മൂലം മത്സ്യബന്ധനം നടത്തുന്നവർ പ്രതിസന്ധിയിലാണ്.
ചെമ്മീൻ, കരിമീൻ, വരാൽ, കണമ്പ്, തിലോപ്പിയ തുടങ്ങിയ മത്സ്യങ്ങൾ ഒന്നുംതന്നെ ഇപ്പോൾ ലഭിക്കുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. വൻ തോതിൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കാവുന്ന സാഹചര്യമാണ് ഇവിടത്തെ വെള്ളത്തിനുള്ളത്.